logo

ARTICLES & VIDEOS

വിശുദ്ധ ജീവിതം

പഴയ നിയമത്തിൽ പത്തു കല്പനകളും പ്രമാണങ്ങളും ദൈവം കൊടുത്തത് തന്റെ ജനം വിശുദ്ധിയോടും ദൈവഭക്തിയോടും കൂടി ജീവിക്കുവാനായിരുന്നു.അത് പോരാ എന്ന് തെളിഞ്ഞത് കൊണ്ടാണ് യേശു ക്രിസ്തുവും പിന്നീട് ശിഷ്യന്മാരും ദൈവാരാജ്യത്തിലേക്കുള്ള പ്രവേശനത്തിന് യോഗ്യമായ പ്രമാണങ്ങളും ഉപദേശങ്ങളും ആചാരങ്ങളും പഠിപ്പിച്ചത്. യേശു പറഞ്ഞു, “സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ, നിന്റെ വചനം സത്യം ആകുന്നു” (യോഹ 17:17). എന്ന് വച്ചാൽ ഒരു വ്യക്തിക്ക് ദൈവ രാജ്യാതി പ്രവേശിക്കാൻ സഹായമായിരിക്കുന്നത് യേശു ക്രിസ്തുവിന്റെ വചനം പ്രമാണിക്ക എന്നത്രേ. “എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പ്രമാണിക്കും, എന്റെ പിതാവ് അവനെ സ്നേഹിക്കും. ഞങ്ങൾ അവന്റെ അടുക്കൽ വന്ന് അവനോടു കൂടെ വാസം ചെയ്യും”  (യോഹ 14:23). ഒരുവൻ പഠിപ്പിക്കുന്നതും അനുഷ്ഠിക്കുന്നതും ശരിയാണോ എന്ന് ശോധന ചെയ്യേണ്ടത് സത്യവേദപുസ്തകം പരിശോധിച്ചാണ്. തിരുവചനത്തെക്കാൾ പുരാതനമോ ശ്രേഷ്ടമോ  ആയത് മറ്റൊന്നില്ല. ഇതിൽ നിന്നും വ്യത്യസ്തമായുള്ള ഒരു പാരമ്പര്യവും ആരെയും രക്ഷിക്കയില്ല. സത്യവചനം പഠിച്ചു അനുകരിച്ചാലേ വിശുദ്ധൻ എന്ന പേരിന് യോഗ്യനകയുള്ളു. വിശുദ്ധൻ അത് പാലിക്കും. സത്യാ വചനവും വിശുദ്ധിയും പരസ്പരം ബന്ധപ്പെട്ടതാണ്       

പൗലൊസ്‌ അപ്പോസ്തോലൻ തിമോത്തിയോസിനോട് പറഞ്ഞു ” നിന്നെ തന്നെയും ഉപദേശത്തെയും സൂക്ഷിച്ചു കൊൾക, ഇതിൽ ഉറച്ചു നിൽക്ക. അങ്ങനെ ചെയ്താൽ നീ നിന്നെയും നിന്റെ പ്രസംഗം കേൾക്കുന്നവരെയും രക്ഷിക്കും ” (1  തിമോ 4:16) ഇവിടെ രക്ഷിക്കും എന്ന് പറഞ്ഞത്, ദൈവ രാജ്യത്തിലേക്കുള്ള പ്രവേശനത്തിനായി ഈ ഭൗതീക ജീവതത്തിൽ നിന്ന് രക്ഷിപ്പാനിരിക്കുന്ന അന്തിമ രക്ഷയെ കുറിച്ചാണ്. അല്ലാതെ കർത്താവിനുവേണ്ടി ഹൃദയം കൊടുത്തു എന്ന് സാക്ഷ്യം പറഞ്ഞു, വെള്ളത്തിൽ സ്നാനമേറ്റിട്ട് തൻ രക്ഷിക്കപ്പെട്ടതാണെന്ന് പറയുന്നതിനെയല്ല. ഒരു വിശ്വാസിയായാലും സഭാ നേതാവായാലും വചനം കൊണ്ട് തന്നെ തന്നെ ശുദ്ധീകരിച്ചു ജീവിക്കണം. കർത്താവും ശിഷ്യന്മാരും പഠിപ്പിച്ച പ്രമാണങ്ങളെ അതുപോലെ പാലിക്കുന്നവർക്കാണ് അന്തിമ രക്ഷ ലഭിക്കുക. എഫെസ്യരോട് പൗലോസ് പറഞ്ഞു ” അവൻ അവളെ വചനത്തോട് കൂടിയേശു യ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിനും, കറ, ചുളുക്കം, മുതലായത് ഒന്നും ഇല്ലാതെ സഭയെ ശുദ്ധയും നിഷ്കളങ്കയുമായി തനിക്കു തന്നെ തേജസ്സോടെ മുന്നിരുത്തേണ്ടതിനും തന്നെത്താൻ അവൾക്കു വേണ്ടി ഏൽപ്പിച്ചു കൊടുത്തു ( എഫേ 5:26,27). വചനം കൊണ്ട് ദൈനംദിനം തന്നെതാൻ ശോധന ചെയ്ത് വെടിപ്പാക്കി, മരണ പര്യന്തം വിശുദ്ധീകരിച്ചുകൊണ്ടിരിക്കണം. ഈ ലോകത്തിന് അനുരൂപരാകാതെ ജീവിച്ചാൽ ലോകം പകെക്കും എന്നത് ഓർത്തിരിക്കേണം. യേശു പറഞ്ഞു ഞാൻ ലൗകീകനല്ലാത്തതു പോലെ അവരും ലൗകീകന്മാരല്ലാത്തതുകൊണ്ട് ലോകം അവരെ പകച്ചു (യോഹ17:14 ). ഇന്നും വചനപ്രകാരമുള്ള സത്യോപദേശത്തിനും വിശുദ്ധിക്കും വേണ്ടി  പോരാടുന്നവരെ ലോകക്കാർ പകക്കുന്നുണ്ട്.   .               

നാം എത്ര വിശുദ്ധരാണെന്നു തോന്നിയാലും ദൈവത്തിന്റെ വിശുദ്ധിയോളം എത്തുകയില്ല. ഈ ലോകം മാലിന്യം പരത്തുന്നതായതുകൊണ്ടു വെളിപ്പാട് പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് “അനീതി ചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ, നീതിമാൻ ഇനിയും നീതി ചെയ്യട്ടെ, വിശുദ്ധൻ ഇനിയും തന്നെത്തന്നെ വിശുദ്ധീകരിക്കട്ടെ, ഇതാ ഞാൻ വേഗം വരുന്നു” (വെളി 22:11,12). ഇതിന്റെ അർത്ഥം അനീതിയും അഴുക്കും മുന്നോട്ട് പോകട്ടെ എന്നല്ല. അനീതിയും അഴുക്കും ഉള്ളവരെ എത്ര ഗുണദോഷിച്ചാലും വ്യത്യാസപ്പെടാതിരുന്നാൽ അവരെ വെറുതെ വിട്ടേക്കണം. നാം അവരുടെ പക്ഷം തിരിയരുത് എന്നാണ്. നീതിമാനും വിശുദ്ധനുമായവൻ അതിൽ വർദ്ധിച്ചു  വരേണം. അൽപ്പമൊക്കെ ക്രമക്കേടും ഉപദേശപ്പിശകും അനുവദിച്ചാലേ വർദ്ധനയുണ്ടാവുകയുള്ളു എന്ന ഭാവത്തിൽ ഉപദേശത്തിനും വിശുദ്ധിക്കും ഭേദഗതി അനുവദിക്കരുത്. കർത്താവ് അത് അംഗീകരിക്കുകയില്ല.             

യോശുവയുടെ മുഷിഞ്ഞ വസ്ത്രം സാത്താന്‌ കുറ്റം പറയുവാൻ പറ്റിയ കാരണമായിരുന്നു ( സെഖ 3:3). ആത്മീയ ശുശ്രൂഷക്കും ദൈവ രാജ്യത്തിൽ പ്രവേശിക്കുന്നതിനും മുഷിഞ്ഞ വസ്ത്രം അഥവാ അശുദ്ധജീവിതം തടസ്സമാണ്. ശുശ്രൂഷകന്മാരും വിശ്വാസികളും ഒരുപോലെ ജീവിതത്തിലും ഉപദേശത്തിലും വിശുദ്ധി പാലിക്കുന്നവരാകണം. അശുദ്ധിപ്പെടുത്താനും പിന്നെ കുറ്റം ചൂണ്ടിക്കാണിക്കുവാനും സാത്താൻ ഊടാടി സഞ്ചരിക്കുന്നു. ” നിങ്ങളുടെ പ്രതിയോഗിയായ പിശാച് അലറുന്ന സിംഹം എന്ന പോലെ ആരെ വിഴുങ്ങേണ്ടു എന്ന് തിരഞ്ഞു ചുറ്റി നടക്കുന്നു. ലോകത്തിൽ നിങ്ങൾക്കുള്ള സഹോദര വർഗ്ഗത്തിന് ആ വക കഷ്ടപ്പാടുകൾ തന്നേ പൂർത്തിയായി വരുന്നു എന്നറിഞ്ഞു വിശ്വാസത്തിൽ സ്ഥിരതയുള്ളവരായി അവനോട് എതിർത്ത് നിൽപ്പീൻ (1  പത്രോ 5:8,9). നമ്മെ വിശുദ്ധീകരിക്കുകയും സാത്താനെ ഭൽസിക്കുകയും ചെയ്യുന്ന ഒരു യേശു നമുക്കുണ്ട്.

യേശുക്രിസ്തുവിനോടുള്ള ഏകാഗ്രത വിട്ടു പോകുമ്പോൾ ദോഷങ്ങൾ സംഭവിക്കും. പൗലോസ് ഈ കാര്യം കൊരിന്ത്യരെ ഓർപ്പിക്കുന്നതായി നാം വായിക്കുന്നു.  “ഞാൻ ക്രിസ്തു എന്ന ഏകപുരുഷന്നു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു. എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു. ഒരുത്തൻ വന്നു ഞങ്ങൾ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കയോ നിങ്ങൾക്കു ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും നിങ്ങൾ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും ലഭിക്കയോ ചെയ്യുമ്പോൾ നിങ്ങൾ പൊറുക്കുന്നതു ആശ്ചര്യം” (2 കോരി 11:2-4). ഇതിന്റെ സാരം: യേശുക്രിസ്തുവും അപ്പോസ്തോലന്മാരും പഠിപ്പിച്ചത് തിരുവചനത്തിൽ ഉണ്ടായിട്ടും, പൂർണ്ണ വേർപാട് പാലിച്ചു ജീവിക്കുവാൻ മനസ്സില്ലാത്തവർ കൈകൊണ്ടിരിക്കുന്ന പിശകുകൾ നാം കൈക്കൊള്ളരുത് എന്നാണ്.  

ആത്മ സ്നാനം പ്രാപിച്ചു അന്യഭാഷകളിൽ ആരാധിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദത്തിനു പകരം ആത്മനിറവില്ലാത്തവരുടെ കൃത്രിമമായ ശബ്ദകോലാഹലങ്ങളും ക്രിസ്തുവിന്റെ സ്വഭാവത്തിന് ചേരാത്ത പെരുമാറ്റവും മറ്റൊരു യേശുവിന്റെ രീതിയാണ്. മറ്റു ജാതികളെ പോലെ വേഷ ഭൂഷാതികളും അലങ്കാരങ്ങളുമണിഞ്ഞ ജീവിത ശൈലിയും നസ്രായനായ യേശുവിന്റെ രീതിയല്ല,മറ്റൊരു യേശുവിന്റേതാണ്. യഥാർത്ഥ ഉണർവ്വ് മനുഷ്യൻ സൃഷ്ടിക്കുന്നതല്ല. പരിശുദ്ധാത്മാവ് നൽകുന്നതാണ്. ഉപദേശത്തിൽ നിലനിന്നാലേ ഇത് സാധിക്കുകയുള്ളു “ഞങ്ങളുടെ പ്രയത്നഫലം കളയാതെ പൂർണ്ണപ്രതിഫലം പ്രാപിക്കേണ്ടതിന്നു സൂക്ഷിച്ചുകൊൾവിൻ. ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവന്നോ പിതാവും പുത്രനും ഉണ്ടു. ഒരുത്തൻ ഈ ഉപദേശവുംകൊണ്ടു അല്ലാതെ നിങ്ങളുടെ അടുക്കൽ വന്നുവെങ്കിൽ അവനെ വീട്ടിൽ കൈക്കൊള്ളരുതു; അവന്നു കുശലം പറകയും അരുതു.” (2 യോഹ 8,9,10). ഉപദേശ പിശക് കാണിക്കുന്നവരെ വെറുക്കേണം എന്നല്ല,പിന്നെയോ, ഈ വിഷയത്തിൽ പങ്ക് കൂടരുത് എന്നത്രെ. ഈ അന്ത്യകാലത്തു ഉണർവ്വ് സൃഷ്ടിക്കുന്ന പരിപാടികൾ വർദ്ധിച്ചു വരികയാണല്ലോ. 

നാം പാപസംബന്ധമായി മരിച്ചവരാകേണം. “അവ്വണ്ണം നിങ്ങളും പാപ സംബന്ധമായി മരിച്ചവർ എന്നു ക്രിസ്തുയേശുവിൽ ദൈവത്തിന്നു ജീവിക്കുന്നവർ എന്നും നിങ്ങളെത്തന്നേ എണ്ണുവിൻ.  ആകയാൽ പാപം നിങ്ങളുടെ മർത്യശരീരത്തിൽ അതിന്റെ മോഹങ്ങളെ അനുസരിക്കുമാറു ഇനി വാഴരുതു, നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി പാപത്തിന്നു സമർപ്പിക്കയും അരുതു. നിങ്ങളെത്തന്നേ മരിച്ചിട്ടു ജീവിക്കുന്നവരായും നിങ്ങളുടെ അവയവങ്ങളെ നീതിയുടെ ആയുധങ്ങളായും ദൈവത്തിന്നു സമർപ്പിച്ചുകൊൾവിൻ. നിങ്ങൾ ന്യായപ്രമാണത്തിന്നല്ല, കൃപെക്കത്രെ അധീനരാകയാൽ പാപം നിങ്ങളിൽ കർത്തൃത്വം നടത്തുകയില്ലല്ലോ. എന്നാൽ എന്തു? ന്യായപ്രമാണത്തിന്നല്ല കൃപെക്കത്രെ അധീനരാകയാൽ നാം പാപം ചെയ്ക എന്നോ? ഒരുനാളും അരുതു. നിങ്ങൾ ദാസന്മാരായി അനുസരിപ്പാൻ നിങ്ങളെത്തന്നേ സമർപ്പിക്കയും നിങ്ങൾ അനുസരിച്ചു പോരുകയും ചെയ്യുന്നവന്നു ദാസന്മാർ ആകുന്നു എന്നു അറിയുന്നില്ലയോ? ഒന്നുകിൽ മരണത്തിന്നായി പാപത്തിന്റെ ദാസന്മാർ, അല്ലെങ്കിൽ നീതിക്കായി അനുസരണത്തിന്റെ ദാസന്മാർ തന്നേ. എന്നാൽ നിങ്ങൾ പാപത്തിന്റെ ദാസന്മാർ ആയിരുന്നുവെങ്കിലും നിങ്ങളെ പഠിപ്പിച്ച ഉപദേശരൂപത്തെ ഹൃദയപൂർവ്വം അനുസരിച്ചു  പാപത്തിൽനിന്നു സ്വാതന്ത്ര്യം ലഭിച്ചു നീതിക്കു ദാസന്മാരായിത്തീർന്നതുകൊണ്ടു ദൈവത്തിന്നു സ്തോത്രം. നിങ്ങളുടെ ജഡത്തിന്റെ ബലഹീനതനിമിത്തം ഞാൻ മാനുഷരീതിയിൽ പറയുന്നു. നിങ്ങളുടെ അവയവങ്ങളെ അധർമ്മത്തിന്നായി അശുദ്ധിക്കും അധർമ്മത്തിന്നും അടിമകളാക്കി സമർപ്പിച്ചതുപോലെ ഇപ്പോൾ നിങ്ങളുടെ അവയവങ്ങളെ വിശുദ്ധീകരണത്തിന്നായി നീതിക്കു അടിമകളാക്കി സമർപ്പിപ്പിൻ. (റോമ 6:11-19)

പൂർണ്ണ വേർപാടും വിശുദ്ധിയുമുള്ള മാതൃകാജീവിതം നയിക്കുന്നവർക്ക് പ്രതികൂലങ്ങൾ ഉണ്ടാകും എന്നാൽ “നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാൽ ഈ കാലത്തിലെ കഷ്ടങ്ങൾ സാരമില്ല എന്നു ഞാൻ എണ്ണുന്നു. ” (റോമ 8:18 ) എന്ന് പൗലോസ് അപ്പോസ്തോലനോടൊപ്പം പറയുവാൻ കഴിയേണം. പൂർണ്ണ വേർപാടും വിശുദ്ധിയും പാലിക്കാതെ ജീവിക്കുന്നവർക്ക് വെളിപ്പാട് പുസ്തകത്തിൽ ലാവോദിക്യ സഭയോട് ദൂതൻ പറയുന്നത് പോലെ “വായിൽ നിന്നും ഉമിണ്ണു കളയുന്ന” അവസ്ഥ ആയിരിക്കും.

ദൈവവേലക്കാർ ആത്മീയ അർത്ഥത്തിൽ യൗവനക്കാരാണ്. നല്ല ഉത്സാഹം, ജീവിത വിശുദ്ധി, കുറ്റമില്ലാത്ത മനസാക്ഷി, ദ്രവ്യാഗ്രഹമില്ലായ്‌മ, തുടങ്ങിയ ഗുണങ്ങൾ അവർക്കുണ്ടായിരിക്കേണം. ഈ വിഷയങ്ങളിലൊന്നും         തുചീകരിക്കപ്പെടുവാൻ ഇടയാകരുത്. പൗലോസ് തിമോത്ഥിയോസിനെ പ്രബോധിപ്പിക്കുന്നത് ” ആരും നിന്റെ യൗവ്വനം തുശ്ചീകരിക്കരുത്. വാക്കിലും, നടപ്പിലും  സ്നേഹത്തിലും വിശ്വാസത്തിലും നിർമ്മലതയിലും    വിശ്വാസികൾക്ക് മാതൃകയായിരിക്ക” (1 തിമോ 4:12). ഇങ്ങനെ ഒടുവിൽ രക്ഷ പ്രാപിക്കുന്നതാകയാൽ പിന്മാറ്റ സ്വഭാവം ഉണ്ടാകരുത്. യേശു ഇപ്രകാരം പറഞ്ഞു ““കലപ്പെക്കു കൈ വെച്ച ശേഷം പുറകോട്ടു നോക്കുന്നവൻ ആരും ദൈവരാജ്യത്തിന്നു കൊള്ളാകുന്നവനല്ല ” (ലൂക്കോ 9:62).

അന്ത്യകാലത്തു ആത്മീയ ലോകത്തിൽ പരിഷ്കാര പ്രകടനങ്ങൾ ഭക്തിയുടെ വേഷം ധരിച്ചതും അതിന്റെ ശക്തിയെ ത്യജിക്കുന്നതുമായിരിക്കും (2 തിമോഥി 3:5 ). ഉണർവിന്റെ പേരിൽ വിവിധ പരിപാടികൾ വചന വിരുദ്ധമായി നടത്തുന്നവരുണ്ട്. യേശുക്രിസ്തുവിന്റെ അപ്പോസ്തോലന്മാരും പഠിപ്പിച്ച ഉപദേശത്തിന്റെ അതിരു കടന്നുള്ള പ്രകടനങ്ങളുടെ പിന്നാലെ പോകാതെ, ഉപദേശത്തിൽ തന്നെ നിലനിന്ന് കൊണ്ട് വിശുദ്ധ ജീവിതം നയിച്ച് വിശ്വസ്ത സേവകരായി കർത്താവിന്റെ വരവിനായി ഒരുങ്ങി കാത്തിരിക്കാം.

പാസ്റ്റർ ജി ഗീവർഗ്ഗീസ്                   

Worship Service Times

Contact Us

Location

Subscribe for Newsletter

    ©2022. IPC Philadelphia Dubai. All Rights Reserved.